Premalu review

പ്രേമലു കണ്ടു. എന്റെ വ്യക്തിപരമായ അഭിപ്രായ/വിമർശനമാണ് കീഴെ. പടം കണ്ടവർ മാത്രം വായിച്ചു നോക്കുക. തിരുത്തൽ വേണമെങ്കിൽ ആവാം. 
ഈയിടെയായി എന്തിലും ഏതിലും ഫിലോസഫി കണ്ടെത്തുന്ന ഒരു രീതി കൈവന്നതിനാൽ ഈ പടവും അങ്ങനെ ലാഘവത്തോടെ കാണാൻ കഴിഞ്ഞില്ല. കഷ്ടംന്നേ പറയാനാകൂ. ഒരു തമാശ കേട്ട് ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥ. 

പ്രേമലു അത്യാവശ്യം നല്ല ഒരു പടമാണ്. തമാശകൾ ഇഷ്ടം പോലെയുണ്ട്. കുണുവാവ റെഫറൻസ് ഒക്കെ നന്നായി. ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ വൺ സൈഡ് സ്നേഹിക്കുന്നവർക്കുള്ള വേദനയുടെ പ്രതിഫലനമാണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു പ്രേമം കണ്ടെത്താനുള്ള ശ്രമത്തിലാണ് നായകൻ. ആദ്യമേ പറയട്ടെ, പ്രേമം ഒരാളുടെ മാത്രം പരിപാടിയല്ല. അതിപ്പോ സ്ട്രിക്ട് മോണോഗാമസ് ബന്ധങ്ങളായാലും കൺസെൻസ്വൽ പോളിഅമോറസ് ബന്ധങ്ങളായാലും. കെമിസ്ട്രി വേണം. സിനിമയിൽ അവസാനമല്ലാതെ മറ്റൊരിടത്തും റീനു സച്ചിനെ സ്നേഹിക്കുന്നതായി റെഫറൻസ് ഇല്ല. അപ്പോ ഈ കുത്തിപ്പഴുപ്പിച്ച് പ്രേമം ജനിപ്പിക്കുന്നതിൽ എന്താണർത്ഥം? 
റീനുവിന് വേണമെങ്കിൽ അവനെ ഒരു സുഹൃത്തായി കാണാമായിരുന്നു. അതായിരുന്നു കുറച്ചുകൂടി ഭേദം. കാരണം ഇരുവരുടെയും വൈബ് ഏകദേശം ഒരേ രേഖയിലാണുള്ളത്. ഇതിപ്പോ ലോങ്ങ് ഡിസ്റ്റൻസ് ബന്ധമായി, ഇനിയിപ്പോ പ്രേമം നിലനിർത്താനുള്ള തത്രപ്പാടിലാവും എത്രയായാലും ഏച്ചുകെട്ടിയാൽ മുഴച്ചു നിൽക്കും. മാത്രവുമല്ല, ഒരു സീനിൽ അവർ വ്യക്തമായി ചർച്ച ചെയ്യുന്ന വിഷയമാണ് സച്ചിന്റെ അപാകതയും അത് കൈകാര്യം ചെയ്യുന്നത് റീനു ആസ്വദിക്കുന്നതും. ശരിയാണ്, വീട്ടിൽ ഒരിക്കലും സ്നേഹം ലഭിക്കാതെ പോയ ഒരാളാണ് സച്ചിൻ, പക്ഷേ അവന്റെ അപാകത വേറൊരു വിഷയമാണ്. ഒരു കുട്ടിപ്പുരുഷനെ കൈകാര്യം ചെയ്യലല്ലല്ലോ ഒരു കാമുകിയുടെ ജോലി. ശരിയാണ്, മനുഷ്യർ ഇമ്പെർഫക്ടാണ് പക്ഷേ ഇതിത്തിരി കൂടിപ്പോയി. 

മറ്റൊരു പ്രശ്നമാണ് സിനിമയിലെ നഗ്ന സീൻ. മറച്ചിട്ടുണ്ടെങ്കിലും അതെന്തിനായിരുന്നു എന്നറിയില്ല. ഒരുപക്ഷേ ജീവിതത്തിൽ എപ്പോഴെങ്കിലും ഫ്ലാഷിങ്ങ് നേരിടേണ്ടി വന്നവർക്ക് അത് മാനസികമായി പ്രതികൂലമായി ബാധിക്കുമോ എന്നറിയില്ല. ആ സീൻ ആസ്വദിക്കുന്ന നായികയെ വിലയിരുത്താനും ഞാൻ ആളല്ല. 

വേറൊരു പ്രശ്നം അന്തർമുഖരായ വ്യക്തികളെ പ്രദർശിപ്പിക്കുന്ന രീതിയാണ്. അവരും മനുഷ്യരല്ലേ? ഒരു ബഹിർമുഖ വ്യക്തിയെ ഇതുപോലെ ആരെങ്കിലും പരിഹസിക്കുമോ? മാത്യുവിന്റെ കഥാപാത്രമായ തോമസിനോട് സഹതാപമാണ് തോന്നിയത്. അയാളെ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നില്ല. 

അവസാനമായി, കോർപ്പറേറ്റ് സംസ്കാരത്തിലെ ചില പ്രശ്നങ്ങളായ ജോലി സമ്മർദ്ദം, മയക്കുമരുന്ന്/മദ്യം/സബ്സ്റ്റൻസ് ഉപയോഗം എന്നിവ തമാശവത്കരിച്ച് കാണിക്കുന്നതാണ്. പിന്നെ ആദിയുടെ " ജെ കെ " എവിടെയൊക്കെയോ അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം. അല്ല അതാണല്ലോ ആ കഥാപാത്രത്തിന്റെ വിജയം. 

സാധാരണ കുടുംബങ്ങളിലെ യുവത്വത്തിന്റെ പ്രശ്നങ്ങൾ കാട്ടുന്നതിൽ സിനിമ വിജയിച്ചു പക്ഷേ ചില രീതികൾ ഇഷ്ടപ്പെട്ടില്ല, അത്രമാത്രം. 

#premalureview #PremaluMovie #premalu

Comments

Popular posts from this blog

A big history of forgetting - Feminist without order Part I

വായെഴുത്ത്

എവിടെയും പെടാത്ത താത്രി