പാഡ്- ഒരു പതിനേഴുകാരിയുടെ അവലോകനം:

കാലചക്രം വർഷങ്ങളെ മാത്രം അടയാളപ്പെടുത്തുന്ന ഒന്നാണോ എന്നറിയില്ല. എന്നാൽ ഏതോ ഒരിടത്ത് എപ്പോഴോ കണ്ട ചിലതിനെ വീണ്ടും വായിക്കുമ്പോൾ ഈ കാലചക്രം ഒരു ഏകകമാകുന്നുണ്ട്. എട്ടുവർഷം മുമ്പോ മറ്റോ ഒരു ഗൃഹലക്ഷ്മിയിൽ കണ്ട ‘പാഡ്’ എന്ന ചെറുകഥ അന്ന് നൽകാതിരുന്ന പല ധ്വനികളും ഇന്ന് നൽകുന്നു. അവ്യവസ്ഥിതത്വം (Ambiguity) എന്ന കലോപകരണത്തിന് ഇത്രയും ശക്തി ഉണ്ടെന്ന് മനസ്സിലാക്കാൻ ഇത്തരം ചില പുനർവായനകൾ ഉപകാരപ്പെടുമെന്ന് ഈ കഥ എന്നോട് പറയുന്നു. 

‘പാഡ്’ എന്ന ചെറുകഥ ഏത് കാഴ്ചപ്പാടിൽ നിന്നാണ് എഴുതപ്പെട്ടതെന്നെനിക്കറിയില്ല. ശ്രീലത കെ എസ് Sreelatha Sreelatha KS ആണ് ഈ കഥയുടെ സ്രഷ്ടാവ്. ഒന്നിലധികം കാഴ്ചപ്പാടുകളെ ഒരു കഥയിൽ കാണാനാകുമ്പോൾ ഒരു പഠിതാവിന് ലഭിക്കുന്ന ബൗദ്ധിക ആമോദം വളരെ വലുതാണ്. അതിനാൽ ‘പാഡി’നെയും അങ്ങനെ തന്നെ വേണം കാണാൻ. 

ആധുനിക സാഹിത്യത്തിൽ കാലമിശ്രണം ഒരു ശക്തമായ ഉപകരണമാണ്. ഈ കഥയും അതിനെ ആവോളം പ്രദർശിപ്പിക്കുന്നു. വിമല എന്ന സാധാരണക്കാരിയെ വീട്ടമ്മ, അവരുടെ ഭർത്താവ്, എട്ടു വയസ്സുകാരിയായ മകൾ റിതി, പതിനൊന്നുവയസ്സുകാരനായ മകൻ റിതേഷ് എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരിൽ തന്നെ ദൃശ്യത ഏറ്റവും കൂടുതലുള്ള റിതിക്കും വിമലയ്ക്കുമാണ്. റിതിയുടെ ‘ആർത്തവകാല അശ്രദ്ധ’യാണ് ഈ കഥയുടെ നട്ടെല്ലെന്ന് വേണമെങ്കിൽ പറയാം.

ആഴ്ചപ്പതിപ്പുകളിലും മാസികകളിലും മറ്റും വരാറുള്ള സാഹിത്യത്തിന് നമ്മൾ പൊതുവേ കൊടുക്കുന്ന ഒരു പേരുണ്ട് - പൈങ്കിളി സാഹിത്യം. പക്ഷേ ഈ മേഖലയിൽ നിന്നും അല്പം വേറിട്ടു നിൽക്കുന്ന ഒരു കഥയാണ് ‘പാഡ്’ എന്ന് തോന്നുന്നു. റിതിയുടെയും വിമലയുടെയും കാഴ്ചപ്പാടുകൾ അശ്രദ്ധമായോ ശ്രദ്ധമായോ കഥാകാരി ഒരുമിച്ചു വയ്ക്കുമ്പോൾ, കലയുടെ ക്രാന്തദർശിത്വത്തിന് ഉദാഹരണമാകുന്ന ഒരു കഥയാകുന്നു ഇത്. 

കാണാതെ പോയ പാഡ് തപ്പി അലറുന്ന റിതിയുടെ അടുത്തേക്ക് വരുന്ന വിമലയുടെ അടുത്ത് നിന്നും കഥ തുടങ്ങുന്നു. കേരളത്തിലെ ‘ഗുപ്ത’ പുരുഷാധിപത്യ വ്യവസ്ഥയിലെ ഏതൊരു ശരാശരി മലയാളി സ്ത്രീയെയും പോലെയവർ മകളെ ശകാരിക്കുന്നു. എന്നാലീ വിഷയത്തിൽ അത്ര ഭയമൊന്നും ഇല്ലാത്ത ഒരാളാണ് റിതി. അത് അവളുടെ അശ്രദ്ധയാണോ അതോ വേറിട്ട കാഴ്ചപ്പാടാണോ എന്നത് വായിക്കുന്ന ആളിന് കഥാകാരി വിട്ടുകൊടുക്കുന്നു. ഇടുങ്ങിയ ഒരു അപ്പാർട്ട്മെന്റിലാണ് താമസമെങ്കിലും തൻ്റേതായ ഒരു ലോകം അവിടെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് വിമല. അവിടെ തൻ്റെ കാലാവസ്ഥ മാറ്റങ്ങള അത്യധികം സ്വകാര്യതയോടെ അവർ നിരീക്ഷിക്കുന്നു. അവിടെ അവരുടെ സംഘർഷപൂർണമായ വ്യക്തിത്വത്തിന്റെ ഒരു ഭാഗം വെളിവാകുകയാണ്, വിശിഷ്യാ ഈ ഭാഗത്ത് തന്റെ കൗമാരത്തെയും റിതുവിൻ്റെ കൗമാരത്തെയും വിമല കൂട്ടി വായിക്കുമ്പോൾ. കൗമാരത്തിൽ തനിക്ക് ഉണ്ടായിരുന്ന സജീവത യൗവനത്തിലും മധ്യവയസ്കതയിലും നിർജീവത്വത്തിലേക്ക് വഴിമാറുന്നത് നിശ്ചേഷ്ടം നോക്കിക്കാണുന്ന വിമലയും ആ ദിനങ്ങൾ സമ്മാനിച്ച വൈപരിത്യങ്ങളെക്കുറിച്ചോർക്കുന്നുണ്ട്. 

റിതിയുടെ അതേ സ്വഭാവമായിരുന്നു കൗമാരത്തിൽ വിമലയ്ക്കും. ആ സ്വൈര്യലോകത്തേക്കുള്ള കടന്നുകയറ്റം ആരംഭിച്ചത് വിമലയുടെ അമ്മ തന്നെയായിരുന്നു. അവളെ നിർബന്ധപൂർവം തുണിയുടുപ്പിക്കുകയും ഇതൊക്കെ എന്തിയാണെന്ന് ചോദിക്കുന്ന വിമലയോട് "അതിനി എപ്പോ വേണമങ്കിലുമാകാം, ബസ്സിലോ വല്ലോ ആണേൽ നാണം കെടരുതല്ലോ "എന്നോ മറ്റോ ഒരു നിസ്സംഗ മറുപടി നൽകുകയും ചെയ്ത ആ അമ്മയാണ് ആർത്തവമെന്നത് തികച്ചും രഹസ്യപൂർവം സൂക്ഷിക്കേണ്ട ഒരു കാര്യമാണെന്ന് ആദ്യ ദമനപാഠം വിമലയ്ക്ക് നൽകുന്നത്. പിന്നെ അധികം വൈകാതെ വിമല വയസ്സറിയിക്കുന്നു. ഇത്തരം ദമനപരമായ ചിന്താഗതികൾ മൂലം സ്ത്രീശരീരത്തിന് ലഭിച്ച അദൃശ്യത തന്നെയാവണം വിമലയുടെ വയസ്സറിയിക്കലിനെ അങ്ങനെ ഒന്നോ രണ്ടോ വാക്യങ്ങളിൽ ഒതുക്കിയത്. പിന്നീട് അത്തരം മറ്റേത് സ്ത്രീയെയും പോലെ തന്റെ ശരീരത്തെയും അതിന്റെ കാലാവസ്ഥാ മാറ്റങ്ങളെയും അവരൊതുക്കുന്നു. സ്വാതന്ത്ര്യം സൂചിപ്പിക്കുന്ന ‘അവളി’ൽ നിന്നും സ്വയം ഉൾവലിയാൻ ശീലിച്ച ‘അവർ’ക്ക് പരോക്ഷമായെങ്കിലും ഒരു ചോദന ലഭിക്കുന്നത് റിതിക്ക് ആദ്യാർത്തവം വരുമ്പോഴാണ്. കാലമെന്ന ഉപകരണത്തെ ഇങ്ങനെ യഥേഷ്ടം മാറ്റിക്കളിക്കുകയാണ് കഥാകാരി. ആർത്തവമെന്താണെന്ന് പോലുമറിയാത്ത, പാൽപ്പല്ല് കൊഴിഞ്ഞു പുതിയത് വരുന്ന രൂപമായ ഒരു പെൺകുട്ടിയായ റിതി “ അമ്മേ ദേ ഞാൻ രാവിലെ നോക്കുമ്പോൾ ഇങ്ങനെ കണ്ടു” എന്നോ മറ്റോ അലക്ഷ്യമായി ഉച്ചത്തിൽ പറയുമ്പോൾ ആ വീടിന്റെ മൊത്തം ശ്രദ്ധയും അവളിലേക്ക് മാറുന്നില്ല എന്നതു നാം ശ്രദ്ധിക്കണം. താൻ ശീലിച്ചുപോന്ന അടക്കവും ഒതുക്കവും- അതെല്ലാം അന്യയായ മകളുടെ പെരുമാറ്റം വിമലയെ പിടിച്ചുകുലുക്കുന്നു. അദൃശ്യനെങ്കിലും തന്റെ ‘സാന്നിധ്യത്താൽ’ അർദ്ധതാര്യനായ കുടുംബനാഥൻ നിസ്സംഗതാപൂർവം ചിരിക്കുന്നു. പാവാടയും പൊക്കി നിൽക്കുന്ന റിതിയുടെ ആദ്യാർത്തവത്തെ കഥാകാരി സൂചിപ്പിക്കുന്നതും രസകരമായാണ്. “അവളുടെ പൊക്കിളിൻ്റെ താഴെ നിന്നും ഒരുവാടിയ ചെമ്പരത്തിപ്പൂ താഴെക്ക് വീണിരിക്കുന്നു.”

“അത് ഇത്ര പെട്ടെന്നോ”യെന്ന വിമലയുടെ ഞെട്ടലും. മാറുന്ന ജീവിതശൈലികൾ മനുഷ്യശരീരത്തിൽ വരുത്തുന്ന ഗുരുതര പ്രത്യാഘാതമായിത്തന്നെ അതിനെ കാണണം, കാരണം വിമല വയസ്സറിയിച്ചതു പതിമൂന്നിന് ശേഷമായിരുന്നു. 
ഇവരുടെ ലോകത്ത് ഒന്നുമല്ലാത്ത റിതേഷും പരോക്ഷമായി പുരുഷാധിപത്യ പ്രതിനിധിയാകുന്നു പിന്നെ. ആർത്തവമെന്ന ആവർത്തനത്തിൻ്റെ ഭേദങ്ങളും ആ കൊച്ചുശരീരത്തിലൂടെ (ശരീരങ്ങളിലൂടെ?) കഥാകാരി വരച്ചുകാട്ടുന്നു. 

പിന്നീട് മകൾക്ക് വിമല നൽകുന്ന ആർത്തവശിക്ഷണവും കാണണം. "ഇതൊക്കെ ഇങ്ങനെ പൊതുവായി കാട്ടേണ്ടതല്ല" എന്നതരം പ്രസ്താവനകൾ അവിശകലിതമായി ആവർത്തിച്ചു അടക്കവും ഒതുക്കവും പഠിപ്പിക്കുന്ന വിമല കഥാദ്യം പറയുന്ന ഒരു വാക്യമുണ്ട് - “പതിനൊന്നേ ആയിട്ടുള്ളൂവെങ്കിലും റിതേഷും ഒരാൺകുട്ടിയാണ്.” അവിടെ പുരുഷാധിപത്യസമൂഹത്തിലെ അധിപസമൂഹാംഗമെന്ന നിലയിൽ ആ പതിനൊന്നുവയസ്സുകാരന് ലഭിക്കുന്ന ദൃശ്യത ചെറുതൊന്നുമല്ല. തനിക്ക് ലഭിക്കുന്നത് ‘ലൈംഗിക ശിക്ഷണ’മാണെന്ന അടിസ്ഥാന ബോധം പോലുമില്ലാത്ത റിതി പിന്നീടും പാലിക്കുന്ന അശ്രദ്ധ വിമലയ്ക്കും അവരിലൂടെ ഈ വ്യവസ്ഥയ്ക്കും വെള്ളിടികളായി വീഴുന്നു. എന്നാൽ തന്റെ ശബളമായ ഭൂതകാലത്തെ താലോലിക്കുന്ന വിമലയിൽ അത് അല്പം പോലും ചലനം സൃഷ്ടിക്കാത്തത് അത്ഭുതകരമാണ്. ഒരുപക്ഷേ ശീലമാകാം. അത്രമാത്രം ഈ വ്യവസ്ഥയവളെ കീഴ്പ്പെടുത്തിയെന്നുവേണംകരുതാൻ. റിതി അലറുമ്പോൾ വിമല ഞെട്ടാൻ കാരണം അപ്പുറത്ത് സോഫയിൽ അച്ഛനും പിന്നെ ബെഡിൽ റിതേഷും കേൾക്കുന്നത്ര ഉച്ചത്തിലാണവൾ ചോദിച്ചത്. വാക്കുകൾ അന്നനാളത്തിലേക്ക് ഓടിയൊളിക്കുമ്പോൾ മകളീ വിഷയത്തിന് നൽകുന്ന ലാഘവത്തെയോർത്ത്

ആശങ്കാകുലയാകുന്നു വിമല. അവിടെയാണ് റിതേഷിന്റെ കാര്യമവർ ഓർക്കുന്നത്. ഒരു പതിനൊന്നുകാരന് അത്യധികം വ്യത്യസ്തവും അപകടകരവുമാം രീതിയിൽ ലഭിക്കുന്ന ആ ദൃശ്യതയോട് ചേർത്ത് ഭയപൂർവം തന്നെ വായിക്കേണ്ട ഭാഗമാണ് അൽപം മുകളിൽ ‘കുറച്ചപ്പുറത്ത് ' മുതൽ 'ചേട്ടനും' വരെയുള്ള ഭാഗം. അത് ലൈംഗിക ഫാസിസത്തിന്റെ ഭയാവഹമായ തുടർച്ചയുടെ ഒരോർമപ്പെടുത്തലാണ്. അമ്മയുടെയും മകളുടെയും വഴക്ക് അവസാനമെത്തുന്നത് കയ്യാങ്കളിയിലാണ്. ഇത്രകാലമായിട്ടും ഹിംസ ഒരായുധമാക്കുന്ന സമൂഹത്തെ കാണാമിവിടെ. ദേഷ്യം കയറി വിമല അടിക്കാനൊരുങ്ങുമ്പോൾ കയ്യിൽ കയറി പിടിക്കുകയാണ് റിതി. എട്ടുവയസ്സിലേ തന്റെ മകൾ ഒരു പതിനെട്ടുവയസ്സുകാരിയായി എന്നത് വിമല സ്വയം ഓർമിപ്പിക്കുന്നു. 

കാലചക്ര ചലനമെന്നത് അനിവാര്യമാണ്, പക്ഷേ അപ്പോഴും വിമലയൊരു നിശ്ചലരൂപമായി നിലകൊള്ളുന്നു. അപ്പോഴും സ്വയമവർ കണ്ടെത്തുന്ന നിമിഷങ്ങളില്ലാതില്ല. ആ അവലോകനങ്ങൾ ഇനിയും പുരോഗമിക്കുമെങ്കിൽ വിമലയ്ക്കും ചലനാത്മകത കൈവരിക്കാൻ ആകും. ഇനി അഥവാ റിതിയിലൂടെയാണ് കഥയെ വായിക്കുന്നതെങ്കിൽ യാഥാസ്ഥിതികത ശീലിച്ച ഒരു തലമുറയിൽ നിന്നും മറ്റെ അനിവാര്യ ആധുനികത ആഗ്രഹിക്കുന്ന ഒരു തലമുയിലേക്കുള്ള കാലചലനമാകുന്നു കഥ. എങ്കിലും വിമലയ്ക്കുണ്ടാകുന്ന ആ ഓർമപ്പെടുത്തൽ, അത് ജീവശാസ്ത്രപരമായ ഒന്നാണ്. ആശയപരമായി, മാറേണ്ട കാഴ്ചപ്പാടുകൾ നമ്മുടെ സമൂഹത്തിൽ ഇന്നുമുണ്ട് എന്നതരം സംഘർഷം നിറഞ്ഞ/അസുഖകരമായ തിരിച്ചറിവ്. സോഫയിൽ/ ബെഡിൽ നിന്നും ഇനിയും ചലിക്കാത്ത പുരുഷാധിപത്യബോധത്തിനെ തോണ്ടിപ്പറിക്കലും കഥാകാരി നടത്തുന്നു. 

വാൽക്കഷ്ണം:- പാഡുൾപ്പെടെ ‘പാഡ്' എന്ന പേരിൽത്തന്നെ സമത ബുക്ക്സ് ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണന്റെയാണ് ആമുഖം.

(മൂന്ന് വർഷം മുമ്പ് എഴുതിയത് ഇന്ന് എഡിറ്റ് ചെയ്തത്)

Comments

Popular posts from this blog

A big history of forgetting - Feminist without order Part I

വായെഴുത്ത്

എവിടെയും പെടാത്ത താത്രി