ന്യായം 🏳️‍🌈

*ന്യായം 🏳️‍🌈:*


നിന്റെ പിറപ്പിന്റെ വീഴ്ചകളിലുമന്തിമം പൊങ്ങുംകൈ കാത്തിരുന്ന നന്മതന്നനന്തപ്രകാശം, പക്ഷേ നിന്റെ നോവതു കണ്ടില്ല, കടന്നുപോയ്, താൻ തമാശയ്ക്കിട്ട ഊരിപ്പോരാക്കുരുക്കു കാണാതെ നിർലജ്ജം,

 ഒരു പടി ചട്ടം മാറ്റാൻ മടിച്ചവർക്കുമുന്നിൽ, മടിതൻ മുന്നിലാ നിസ്സംഗതയുടെ ന്യായങ്ങളുടെ മുന്നിൽ, ന്യായമേയില്ലാതെ പോയ മൃത്യു.

കുഞ്ഞുപാവാടയിൽക്കണ്ടവരിട്ട മുളകുപൊടിച്ചോപ്പുനിന്റെയടക്കം കുറിച്ചു, പതിനെട്ടു ചിറകിനുപകരം ചട്ടത്തിനുപ്രിയമായൊരു ശ്വാസംമുട്ടുകുറിച്ചു,
അപ്പോഴും രംഗം നിനക്കുകൂട്ടുതരാതെ പൊട്ടിച്ചിരിച്ചു,
നീ മാത്രം സീതപോൽ പോവാൻ കൊതിച്ചു.

പക്ഷേ, നീയിന്നുമൊരു കള്ളമെനിക്ക്, ഇപ്പ്രപഞ്ചമെറിയുന്നായിരങ്ങളിലൊന്ന്,
നിന്റെ മേധയെനിക്ക് കറുപ്പിൽ ചാലിച്ച ഭ്രാന്ത്,
ഭ്രാന്ത്, ഭ്രാന്തത്രേ ഞങ്ങൾ ഭ്രാന്തില്ലാ വലിയോരത്രേ.

നിന്റെയൊച്ചയടക്കിയവർ പഠിക്കാതെപോയ ശക്തി, 
നിന്റെ ദേഹമളന്നവർ കാണാതെപോയ ശക്തി, നിന്റെ വാക്കളന്നുമുറിച്ചവർ, നിനക്കു തല്ലും തെറിയുമേകിയടച്ചിട്ട് കയറിമേഞ്ഞവർ പഠിക്കാത്ത നിലനിൽപ്പ്, ഞാനും പഠിച്ചത് വൈകിതാൻ.
ജന്മമിതു മാറ്റാമെന്നു ദൈന്യം ചൊല്ലും പൊയ്മുഖങ്ങൾക്കും പറയാവുന്ന ന്യായം,
ഒരുപടി കൂടി നടക്കാനറപ്പിക്കുന്ന ന്യായം, സ്വയമാശ്വസിപ്പിച്ച് ജളൂകമൊന്നു കുറയ്ക്കും ന്യായം.

നിന്റെ നിശ്ചേഷ്ടതനുവതു വെറുതെയനങ്ങിയിരുന്നെങ്കിലെന്നു ഞാൻ കൊതിക്കും,
നിന്റെ വിജനമാം പ്രസംഗത്തിന്നൊരേയൊരു ശ്രോതാവായെങ്കിലുമന്ന് ഞാനിരിക്കും.

Comments

Popular posts from this blog

A big history of forgetting - Feminist without order Part I

വായെഴുത്ത്

എവിടെയും പെടാത്ത താത്രി