പദം/തയാത്ര
പദയാത്രകളതു പലതുണ്ടിവിടെ
പറയാനുണ്ടേ പരിചിതമാക്കാൻ
ടാർമീതേ വണ്ടികളെച്ചുംബി-
ച്ചോടിനടക്കും കാൽനാടയാത്ര-
ക്കാരുടെ ധൃതിയും തെറിയും ചോരയു-
മേറെപ്പേറിയും പിന്നെപ്പിള്ളേർ പേടി വഹിച്ചിതു പൂച്ചയുടെപോൽ
തട്ടിപ്പിടയും ഒരു പദയാത്ര,
ആടിൻ പശുവിൻ ചാണകവൃന്ദോം
ആഹാ പുത്തൻ തുണിയുടെ മാസ്കും
ആപ്പിഫിസ്സിൻ കുപ്പിക്കടയും
അപ്പാപ്പന്നുടെ വെറ്റില തുപ്പും
നാട്ടില്ലുള്ളൊരു ചേട്ടച്ചാരുടെ കഫവും പിന്നെ പലരുടെ പലതും
വീണുകിടക്കും വഴിമീതെപ്പോം
പദങ്ങൾ തന്നുടെ
പല ഭാവങ്ങൾ തന്നുടെ യാത്ര ഒന്നാം യാത്ര തന്നുടെ ഭാഷ്യം.
തുളുനാട്ടിലെയൊരു തിരുമൈതാനപ്പടവിൽ നിന്നും രണ്ടു ചുവടുകൾ
ചവിട്ടിക്കയറി ശീതളശകടബ്ഭംഗിയിൽ കേറീട്ടൊന്നുമയങ്ങി
തിരുവന്തോരവ്വഴിയിൽ വീണ്ടും രണ്ടു ചുവടുകൾ വെച്ച് നടന്നു,
പദയാത്ര ഇതി രണ്ടാം തരമിതു
ചെറിയൊരു രൂപം കണ്ടോ നിങ്ങൾ.
വഴിയിലതാ ഒരു ഒളിസമ്മാനം,
പൊട്ടിച്ചൊഴിച്ചു തരുമതുവീതം
ഗ്ലാസിൽ പകർന്ന് ചാടും കള്ളത്
അതിനുടെ പതയിൽ
ഒരു പതയാത്ര.
ഇതുതാൻ രണ്ടാം തരത്തിൻ ഭാഷ്യം.
അലക്കിവെക്കാൻ വെച്ചാത്തുണികൾ മുങ്ങിമറിഞ്ഞൊരു
വീഴ്ചയിൽ പൊന്തി
വഴുതും വെള്ളം കുമിളാവെള്ളം
അതിലേ പോയേ ഒരു പതയാത്ര.
ദിനവും ദീനം വരുമീ പയ്യിൻ വായിൽനിന്നു വരുന്നാപ്പതയിൽ തള്ളേം തന്തേം മുങ്ങിക്കരയും
തലയിൽ കൈകൾ വച്ചിരിക്കും.
ചുറ്റും ചിരികൾ കണ്ണീർവഴികൾ
ഇടയിൽ അൽപം കുസൃതിയുമുണ്ട് , എന്താ കുസൃതിയതെന്നാരാഞ്ഞാൽ ,
ചട്ടിയിൽ കൈകൾ വാരും ക്രീഡ.
അയ്യോ പാവേ കുഞ്ഞിക്കയ്യേ
പതയിൽമുങ്ങിക്കരയും ആത്മാക്കൾ തൻ മോളിലും ചുറ്റും താഴേം ഉള്ളതുമൊരു പതയാത്ര താനേ.
ഇവ്വിധമീനാട്ടിൽപ്പലപദയാത്രകളുമുണ്ടേ പറയാം ഉപസംഹരണം സാദ്ധ്യമതല്ലെന്നിഹ്ഹാസ്യക്കാവ്യം പൊട്ടിച്ചിരിച്ചാ പറയും.
Comments
Post a Comment